തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് വിലക്കിയ വൈസ് ചാൻസലർക്ക് മുന്നിൽ പലസ്തീൻ വിമോചന കവിത ചൊല്ലി സർവകലാശാല സിൻഡിക്കേറ്റ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ഡോ. ഷിജുഖാൻ. മഹമൂദ് ദാർവിഷിന്റെ ഐഡന്റിന്റി കാർഡ് എന്ന കവിതയിലെ അവസാന വരികളായിരുന്നു കേരള സർവകലാശാല യുവജനോത്സവവുമായി ബന്ധപ്പെട്ട യോഗത്തിലെ പ്രസംഗം അവസാനിപ്പിക്കും മുൻപ് ഷിജുഖാൻ ചൊല്ലിയത്.വൈസ് ചാൻസലർ ഡോ. മോഹനന് കുന്നുമ്മലിന് മുന്നിലായിരുന്നു പ്രകടനം
മുഹമ്മദ് ദാർവിഷിന്റെ കവിത സച്ചിദാന്ദൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു. ആ കവിതയിലെ അവസാന ഭാഗമാണ് ഷിജുഖാൻ ചൊല്ലിയത്.ഇസ്രായേലിനെതിരെ പലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു.
ഈ പേരിന് കലയുമായോ സംസ്കാരമായോ ബന്ധമില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസി പേര് വിലക്കി ഉത്തരവിറക്കിയത്. ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസലർ ഉത്തരവിൽ വ്യക്തമാക്കി.