ലക്നൗ: 2014ന് മുമ്പ് രാജ്യത്ത് ഇരുണ്ട കാലഘട്ടമായിരുന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാൽ നരേന്ദ്രമോദിക്ക് കീഴിലുളള എൻഡിഎ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഈ അരക്ഷിതാവസ്ഥ മാറി. സുരക്ഷ ഉറപ്പുവരുത്തുന്ന, സംസ്‌കാരത്തെയും പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്ന, സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് കരുത്ത് പകരുന്ന സർക്കാരാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചന്ദൗലിയിൽ നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുക യായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിലേറും. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരും. സ്വാതന്ത്രത്തിന്റെ 100-ാം വർഷം ആഘോഷിക്കുമ്പോൾ ഭാരതത്തെ വികസിത രാജ്യമാക്കി മാറ്റുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാശിയിലെ ജലാഭിഷേകം ഉൾപ്പെടെയുള്ള ആഘോഷങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച സർക്കാരാണ് മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാജ്യത്ത് എല്ലാ ആഘോഷങ്ങളും സമാധാനപരമായി നടക്കുന്നു. ജയ് ശ്രീ റാം വിളിച്ചതിന്റെ പേരിൽ രാജ്യത്ത് മുമ്പ് സംഘർങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ ജയ് ശ്രീറാം വിളികളെ അരോചകമായി കണ്ടിരുന്നവർ പോലും ക്ഷേത്രത്തിലേക്ക് വരികയാണെന്നും അദ്ദേഹം പറഞ്ഞു.















