തിരുവനന്തപുരം: കടമെടുപ്പ് സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽ കേരളത്തിന് വേണ്ടി ഹാജരായതിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് 75 ലക്ഷം രൂപ അനുവദിച്ചു. കേരളത്തിന്റെ സാമ്പത്തികധൂർത്ത് കാരണം കടമെടുക്കലിന് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്.
കേന്ദ്രവുമായുള്ള കടമെടുപ്പ് ചർച്ച കഴിഞ്ഞ ദിവസം പരാജയപ്പെട്ടതിനെ തുടർന്ന് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി 13,608 കോടി രൂപ കൊണ്ട് തീരില്ലെന്ന് അഭിഭാഷകൻ കപിൽ സിബലും സ്റ്റാൻഡിംഗ് കൗൺസൽ സി.കെ.ശശിയും സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം, കേരളത്തിന് അർഹമായ 13,608 കോടിരൂപ വായ്പയിൽ 8,700 കോടിരൂപ എടുക്കാൻ കേന്ദ്രം അനുമതി നൽകി. ഇന്നലെയാണ് കടമെടുക്കാൻ അനുമതി ലഭിച്ചത്. റിസർവ് ബാങ്കിന്റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്രങ്ങളുടെ ലേലം എല്ലാ ചൊവ്വാഴ്ചയും നടക്കും.















