തിരുവനന്തപുരം: വർക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്‌ക്കാൻ ഉത്തരവിട്ട് ഡെപ്യൂട്ടി കളക്ടർ. ഇനിയൊരു മുന്നറിയിപ്പ് നൽകുന്നത് വരെയും ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിപ്പിക്കരുതെന്നാണ് നിർദ്ദേശം. ഡെപ്യൂട്ടി കളക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം അപകടത്തിന്റെ ഉത്തരവാദിത്തം നടത്തിപ്പുകാരുടെ പിഴവായി ചൂണ്ടിക്കാട്ടിയാണ് പോലീസ് എഫ്‌ഐആർ സമർപ്പിച്ചത്. ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നടത്തിപ്പ് ചുമതലയുള്ള ജോയ് വാട്ടർ സ്‌പോർട്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ആളുകളെ ഇതിൽ കടത്തിവിട്ടതായാണ് കേസ്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം അപകട സാധ്യതയേറെയാണെന്ന് ധാരണയുള്ളവരാണ് പ്രതികളെന്ന് എഫ്‌ഐആറിൽ പരാമർശിച്ചിട്ടുണ്ട്.