ഡൽഹി: റഫറീയിംഗിന്റെ പേരിൽ പരാതി ഒഴിഞ്ഞിട്ട് നേരമില്ലാത്ത ഐഎസ്എല്ലിൽ പുതിയ പരിഷ്കാരത്തിന് വഴി തെളിയുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരും സീസണിൽ വാർ (വീഡിയോ അസിസ്റ്റന്റ് റഫറി) നിയമം നടപ്പിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ലെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. അതേസമയം ഇപ്പോഴും റഫറിമാരെ തള്ളിപ്പറയാൻ അസോസിയേഷൻ തയാറായില്ല.
അവരുടെ തീരുമാനങ്ങൾ 85 ശതമാനവും ശരിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വാർ നിയമത്തിൽ സ്പെഷ്യലൈസ് ചെയ്യുന്ന അഞ്ച് ഏജൻസികളെ ഫെഡറേഷൻ സമീപിച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് ചർച്ചകൾ നടന്നത്.
മേയ് ആദ്യവാരം വാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. നേരത്തെ വാർ നടപ്പിലാക്കണമെന്ന തീരുമാനമുണ്ടായിരുന്നെങ്കിലും ഫണ്ടാണ് വിലങ്ങു തടിയായത്. നിലവിൽ വിദേശ കളിക്കാരും ഫുട്ബോൾ വിദഗ്ധരുമടക്കം റഫറീയിംഗിന്റെ കാര്യത്തിൽ അതൃപ്തി പരസ്യമാക്കിയതോടെയാണ് ഫെഡറേഷൻ ചർച്ചകൾക്ക് വഴി തുറന്നത്. തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ എന്തുകൊണ്ടും വാർ നടപ്പിലാക്കണമെന്നാണ് ടീമുകളുടെ ആവശ്യവും.