റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡ് ബീജാപൂരിലെ ദന്തേവാഡ അതിർത്തി പ്രദേശത്താണ് കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടയാത്. കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരന്റെ മൃതദേഹം പ്രദേശത്ത് നിന്നും സുരക്ഷാ സേന കണ്ടെടുത്തു. അതിർത്തി സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വനാതിർത്തിക്ക് സമീപത്ത് നിന്ന് ഭീകരരെ കണ്ടെത്തിയത്. ഏറ്റമുട്ടലിൽ നിരവധി ഭീകരർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ദന്തേവാഡ മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടന്നത്. തുടർന്ന് വനത്തിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരുടെ ഒളിത്താവളങ്ങളിൽ നിന്നും വൻ തോതിൽ മാരകായുധങ്ങളും തോക്കുകളും സുരക്ഷാ സേന കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാങ്കർ ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരും പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കാങ്കറിലെ ഹിദൂർ ഗ്രാമത്തിന് സമീപമുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടൽ.















