ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 5 മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിനെ അഭിനന്ദിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ മുൻ വക്താവ് രവി ഗുപ്ത. അഗ്നി 5 വിജയകരമായി പരീക്ഷിച്ചുവെന്നത് ഏറെ അഭിമാനം നൽകുന്നുവെന്നും രവി ഗുപ്ത പറയുന്നു. തദ്ദേശീയമായ സെൻസറുകളും ഏവിയോണിക്സും ഉൾപ്പെടുത്തി നിർമ്മിച്ച അഗ്നി 5, ഇന്ത്യയുടെ വളർന്നു വരുന്ന സാങ്കേതിക മികവിന്റെ തെളിവാണെന്നും രവി ഗുപ്ത കൂട്ടിച്ചേർത്തു.
” ഇന്ത്യ ഇന്ന് മിഷൻ ദിവ്യാസ്ത്രയുടെ ഭാഗമായി നടത്തിയ പരീക്ഷണം ഏറെ അഭിമാനം നൽകുന്ന നിമിഷമാണ്. ഒരു മിസൈലിന് ഒന്നിലധികം പോർമുനകളായി തിരിഞ്ഞ് ഒരേ സമയം പല ലക്ഷ്യങ്ങൾ തകർക്കാൻ സാധിക്കുമെന്ന് ഇത് ഉറപ്പാക്കും. ഇത് ഉൾപ്പെടുത്തിയാണ് അഗ്നി 5 വികസിപ്പിച്ചത്. ഈ പരീക്ഷണത്തോടെ ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ സ്വന്തമായ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണ്.
തദ്ദേശീയമായ സെൻസറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ സാങ്കേതിക മികവാണ് ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ കഴിവ് ലോകമെമ്പാടും ഉയർത്തിപ്പിടിച്ച എല്ലാ ഡിആർഡിഒ ശാസ്ത്രജ്ഞർക്കും അഭിനന്ദനം അറിയിക്കുകയാണെന്നും” രവി ഗുപ്ത പറയുന്നു. ഒഡീഷയിലെ ഡോ.എ.പി.ജെ അബ്ദുൾകലാം ഐലൻഡിൽ നിന്നാണ് മിഷൻ ദിവ്യാസ്ത്ര എന്ന് പേരിട്ട ഫ്‌ളൈറ്റ് ടെസ്റ്റ് നടത്തിയത്. 5500 കിലോമീറ്റർ ഭൂപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5.