കോഴിക്കോട്: സർക്കാർ കുടിശ്ശിക നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തി വിതരണക്കാർ. പണം ലഭിക്കുന്ന മുറയ്‌ക്ക് മരുന്ന് വിതരണം പുന:രാരംഭിക്കുമെന്ന് വിതരണക്കാർ അറിയിച്ചു. രണ്ട് ദിവസത്തിനകം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് വിതരണം പൂർണ്ണമായും തടസ്സപ്പെട്ടേക്കും.
75 ലക്ഷത്തോളം രൂപയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ഫ്‌ലൂഡിയുകൾ എന്നിവ വാങ്ങിയ ഇനത്തിലാണ് കുടിശ്ശിക. ചുരുങ്ങിയ ചെലവിൽ കാൻസർ പോലുള്ള രോഗങ്ങൾക്ക് മരുന്ന് ലഭിക്കുന്ന ഇടം കൂടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. മരുന്ന് വിതരണം പ്രതിസന്ധിയിലാതോടെ 8,000 രൂപയ്‌ക്ക് കിട്ടേണ്ട മരുന്ന് 30,000 രൂപയ്‌ക്ക് വാങ്ങേണ്ട സ്ഥിതിയിലാണ് രോഗികൾ.
പേസ് മേക്കർ,സ്റ്റെന്റ് എന്നിവയുടെ വിതരണവും കുടിശ്ശിക തീർത്തില്ലെങ്കിൽ നിർത്തുമെന്നാണ് വിതരണക്കാർ പറയുന്നത്. നിലവിൽ യൂറോളജി, നെഫ്രോളജി, ഓർത്തോ വിഭാഗങ്ങളെ മരുന്ന് വിതരണം നിർത്തിയത് ബാധിച്ചതായാണ് സൂചന. നിരവധി തവണ കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും ധനവകുപ്പിനും കത്ത് നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മരുന്ന് വിതരണക്കാരുടെ പുതിയ നീക്കം.















