സഹരൻപൂർ : ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തിയ യുവാവ് ഒടുവിൽ ഹിന്ദുമതം സ്വീകരിച്ചു . സഹരൻപൂർ സ്വദേശി സാജിദ് ആണ് മതം മാറി, സാജിദ് സത്ബീർ റാണയായത് .
സാജിദ് ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതു മുതൽ സാജിദിന്റെ വീട്ടുകാർ ശല്യം ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല തീവ്ര ഇസ്ലാമിസ്റ്റുകൾ സാജിദിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു . തുടർന്നാണ് ഭീഷണികൾക്ക് മുൻപിൽ തോൽക്കാൻ മനസ്സിലാതെ സാജിദ് മതം മാറിയത്.
4 വർഷം മുൻപാണ് സാജിദ്, അലിഗഢിൽ നിന്നുള്ള അനിത എന്ന ഹിന്ദു യുവതിയെ പരിചയപ്പെടുന്നത്. അനിത നേരത്തെ വിവാഹിതയായിരുന്നു. രണ്ട് കുട്ടികളും ഉണ്ടായിരുന്നു, എന്നാൽ വിവാഹമോചനം നേടിയിരുന്നു. സൗഹൃദം പ്രണയമായതോടെ സാജിദ് അനിതയെ വിവാഹം കഴിച്ചു, ഇരുവരും സന്തോഷത്തോടെ ജീവിക്കാനും തുടങ്ങി.
എന്നാൽ, ഇതറിഞ്ഞ സാജിദിന്റെ വീട്ടുകാർ സാജിദിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. തുടർന്ന് സാജിദ് അനിതയ്ക്കൊപ്പം വാടക വീട്ടിൽ താമസം തുടങ്ങി. രണ്ടുപേരും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായതിനാൽ ഇരുവരും അവരവരുടെ മതമാണ് പിന്തുടർന്നിരുന്നത്. എന്നാൽ, ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവർ സാജിദിനെ പീഡിപ്പിക്കാൻ തുടങ്ങി. തീവ്ര ഇസ്ലാമിസ്റ്റുകളാകട്ടെ ഭാര്യയെ മതം മാറ്റണമെന്ന് ആവശ്യപ്പെടാനും തുടങ്ങി.
ഇതിന് ശേഷം സാജിദ് ഹിന്ദു സംഘടനയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ഹിന്ദു സംഘടനയുടെ പ്രവർത്തകർ സാജിദിന് ആറ് മാസത്തെ സമയം നൽകി, ആദ്യം നിങ്ങൾ ഹിന്ദു മതത്തെ കുറിച്ച് പഠിക്കൂവെന്നും അതിനുശേഷം നിങ്ങളുടെ മതം മാറൂവെന്നുമാണ് അവർ പറഞ്ഞതെന്ന് സാജിദ് പറയുന്നു .
ആറ് മാസത്തിന് ശേഷം ഇന്ന് സാജിദിനെ സഹാരൻപൂരിലെ ഹരി മന്ദിറിൽ വെച്ച് ഗംഗാജലം നൽകി ശുദ്ധീകരിച്ച ശേഷം സനാതന ധർമ്മത്തിലേക്ക് സ്വീകരിച്ചു.