ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് രാജ്സഭയിലെത്തി അദ്ദേഹം ഗവർണറെ അറിയിച്ചു. മനോഹർലാൽ ഖട്ടർ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, കേന്ദ്രമന്ത്രി അർജുൻ മുണ്ടെ, ബിജെപി നേതാവ് ബിപ്ലവ് കുമാർ ദേബ് എന്നിവരുമായെത്തിയാണ് നായബ് സിംഗ് സൈനി ഗവർണറെ കണ്ടത്.
സ്വതന്ത്രരും ജെപിപി എംഎൽഎമാരും അടക്കം കേവലഭൂരിപക്ഷത്തിനുള്ള അംഗസംഖ്യ ബിജെപി പക്ഷത്തുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കുരുക്ഷേത്രയിൽ നിന്നുള്ള ലോക്സഭാംഗവുമാണ് നായബ് സിംഗ് സൈനി.
90 അംഗ ഹരിയാന നിയമസഭയിൽ 41 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 10 അംഗങ്ങളുള്ള ജെപിപിയുമായി ചേർന്ന് 2019 ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെപിപി അധിക സീറ്റ് ആവശ്യപ്പെട്ടത് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വിളളൽ വീഴ്ത്തുകയായിരുന്നു.