തിരുവനന്തപുരം: സർക്കാർ ഉത്തരവും മാസ്റ്റർ പ്ലാനും ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പിലാക്കിയതെന്ന് വിനോദസഞ്ചാര വകുപ്പ്. കരാർ കമ്പനികളെ തിരഞ്ഞടുക്കാൻ മാത്രമല്ല, സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ലെന്നാണ് വിനോദസഞ്ചാര വകുപ്പ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്.
സഞ്ചാരികൾക്ക് പുതിയ അനുഭവം നൽകുക എന്ന ഉദ്ദേശത്തോടെയാണ് വിനോദസഞ്ചാര വകുപ്പ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകൾ സംസ്ഥാനത്ത് ആരംഭിച്ചത്. ബേക്കൽ റിസോർട്‌സ് ഡെവലപ്‌മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ കാസർകോട്ടും മറ്റ് ജില്ലകളിൽ ഡിടിപിസിയുടെ ചുമതലയിലുമാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകൾ സ്ഥാപിച്ചിട്ടുള്ളത്.
പദ്ധതി വൻ വിജയമെന്ന് കെട്ടിയാഘോഷിക്കുമ്പോഴും ടെൻണ്ടർ നടപടികളിലോ കമ്പനികളുടെ തിരഞ്ഞെടുപ്പിലോ പ്രത്യേകിച്ച് ഒരു ഉത്തരവാദിത്തവും ടൂറിസം വകുപ്പ് എടുത്തിട്ടില്ല. മാസ്റ്റർ പ്ലാനില്ല. പദ്ധതി നടപ്പിലാക്കാനുള്ള പാരിസ്ഥിതിക ഘടകങ്ങൾ പരിശോധിക്കാനോ മാനദണ്ഡങ്ങൾ ഉറപ്പാക്കാനോ ശ്രമിച്ചിട്ടില്ല.
വർക്കല അപകടത്തിന് പിന്നാലെ കരാർ കമ്പനിയെ കുറ്റപ്പെടുത്തി ഉത്തരവാദിത്തമില്ലെന്ന് പറയുകയായിരുന്നു ഡിടിപിസി. ഡിസംബർ 29 ന് ഉദ്ഘാടനം കഴിഞ്ഞ് ആഴ്‌ച്ചകൾക്കുള്ളിലാണ് അപകടമുണ്ടായത്. ഇതിനിടക്ക് ഡിടിപിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉദ്യോഗസ്ഥനെ ടൂറിസം മന്ത്രിയുടെ ഓഫീസിൽ ഉന്നത തസ്തികയിൽ നിയമിക്കുകയും ചെയ്തിട്ടുണ്ട്.















