തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കെഎസ്ഇബി. വൈദ്യുതി ഉപയോഗം വർദ്ധിച്ചതാണ് കെഎസ്ഇബിയെ വെട്ടിലാക്കിയത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാർ പുന:സ്ഥാപിച്ചെങ്കിലും കമ്പനികൾ സഹകരിക്കുന്നില്ല എന്നതാണ് ഒരു പ്രശ്‌നം. വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങുന്നത് സർചാർജ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. 1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം. വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ടും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനത്തിലൂടെ 1600 മെഗാവാട്ട് വൈദ്യുതിയും കേരളത്തിന് ലഭിക്കും. ഉയർന്ന തുക കൊടുത്താണ് ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി ബോർഡ് വാങ്ങുന്നത്.
കേന്ദ്ര പവർ എക്‌സേഞ്ചിൽ നിന്നാണ് നിലവിൽ കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. യൂണിറ്റിന് 12 രൂപയോളമാണ് ചെലവ്. ചൂടുകൂടുന്നതോടെ വൈദ്യുതി ഉപയോഗം വർദ്ധിക്കും. ഇത് സൃഷ്ടിക്കുന്ന ബാധ്യതയെ മറികടക്കാൻ കറന്റ് ചാർജ് വർദ്ധിപ്പിക്കലായിരിക്കും കെഎസ്ഇബിക്ക് മുന്നിലുള്ള പോംവഴി.















