റംസാനിലെ സംഭാവനകൾ അംഗീകൃത ചാനലുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും നൽകണമെന്ന നിർദേശവുമായി സൗദി . പല സംഘടനകളും സഹായ സംഭാവനകളിൽ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഒരു സർക്കാരിതര സ്ഥാപനങ്ങൾക്കും റംസാനിൽ സംഭാവന നൽകരുതെന്ന് സൗദി സർക്കാർ നിർദ്ദേശം നൽകിയത് .
പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ വക്താവ് “അംഗീകൃത ചാനലുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും മാത്രം സമർപ്പിക്കുക” എന്ന വിഷയത്തിൽ പ്രസ്താവന ഇറക്കിയത് . സകാത്തിന്റെ മറവിൽ ചില സ്ഥാപനങ്ങളും വ്യക്തികളും പൗരന്മാരിൽ നിന്ന് സംഭാവന പിരിക്കുന്നുണ്ടെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും നോട്ടീസിൽ പറയുന്നു. സൗദിക്ക് പുറത്ത് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കുള്ള ഏക സ്ഥാപനം കെഎസ് റിലീഫ് (കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ്) ആണെന്നും പ്രസ്താവനയിൽ പറയുന്നു.
ലോകമെമ്പാടുമുള്ള ദരിദ്ര രാജ്യങ്ങൾക്കായി സൗദി അറേബ്യയിൽ നിന്ന് സംഭാവനകൾ എടുക്കുന്നു. റംസാൻ മാസത്തിൽ സൗദി സർക്കാരും പൗരന്മാരും ദരിദ്ര രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് രൂപയുടെ സഹായങ്ങൾ അയയ്‌ക്കുന്നു. പലസ്തീൻ, സുഡാൻ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ് സൗദിയിൽ നിന്ന് സഹായം സ്വീകരിക്കുന്നത്. ലോകമെമ്പാടും സഹായം നൽകുന്നതിനായി സൗദി സർക്കാർ 2015 ൽ കെഎസ് റിലീഫ് സെൻ്റർ സ്ഥാപിച്ചിരുന്നു.