ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേയ്‌ക്ക് രാജ്യം അടുക്കവെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. എഐസിസി ദേശീയ സെക്രട്ടറിയും ബിഹാറിന്റെ ചുമതലക്കാരനുമായ അജയ് കപൂർ ബിജെപിയിൽ ചേർന്നു. കാൺപൂരിൽ നിന്ന് എംഎൽഎ ആയിരുന്ന അജയ് കപൂറിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാൺപൂർ സീറ്റിൽ നിന്ന് വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കെയാണ് പാർട്ടി വിട്ട് അദ്ദേഹം ദേശീയതയ്‌ക്കൊപ്പം അണിചേർന്നത്.
മാർച്ച് 3-ന് പട്‌നയിൽ നടന്ന ഇൻഡി സഖ്യത്തിന്റെ റാലിക്ക് ശേഷമാണ് അജയ് കപൂർ അടക്കമുള്ള നേതാക്കൾ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ബിഹാറിലെ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് കോൺഗ്രസ്, ആർജെഡി നേതാക്കൾ വരും ദിവസങ്ങളിൽ ഡൽഹിയിൽ യോഗം ചേരാനിരിക്കെ കൂടിയാണ് അജയ് കപൂർ ബിജെപിയിൽ അംഗത്വം എടുത്തിരിക്കുന്നത്.
കാൺപൂരിലെ ഗോവിന്ദ് നഗർ, കിദ്വായ് നഗർ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച മുൻ എം.എൽ.എ കൂടിയായ അജയ് കപൂർ, 2002 മുതൽ 2017 വരെ തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച നേതാവ് കൂടിയാണ്. അജയ് കപൂറിന്റെ ശക്തമായ തീരുമാനം കോൺഗ്രസിനും ഇൻഡി സഖ്യത്തിനും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കാൺപൂരിൽ ബിജെപി അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്നും സൂചനകളുണ്ട്.