ന്യൂഡൽഹി: പേടിഎം ഫാസ്ടാഗ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ദേശീയ ഹൈവേ അതോറിറ്റി. വെള്ളിയാഴ്ചയ്‌ക്കകം മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗ് ഐഡിയിലേക്ക് മാറണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. ഫാസ്ടാഗ് സേവനത്തിനായി 32 എൻഎച്ച് അതോറിറ്റി അംഗീകൃത ബാങ്കുകളാണുള്ളത്. പേടിഎം ബാങ്കിന് മേലുള്ള ആർബിഐ വിലക്കിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മാർച്ച് 15ന് ശേഷം പേടിഎം ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനാവില്ലെന്നും ഈ ബാങ്കിന്റെ ഫാസ്ടാഗ് ഉപയോഗിക്കാൻ സാധിക്കില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. എന്നാൽ അക്കൗണ്ടിൽ നിലവിലുള്ള പണം മാർച്ച് 15ന് ശേഷവും പിൻവലിക്കാൻ സാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മാർച്ച് 15ന് മുമ്പായി മറ്റൊരു ബാങ്ക് അക്കൗണ്ടിന്റെ ഐഡിയിലേക്ക് മാറുന്നത് പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നുവെന്നും ദേശീയ ഹൈവേ അതോറിറ്റി വ്യക്തമാക്കി. പേടിഎം ഫാസ്ടാഗുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾക്കും സഹായങ്ങൾക്കുമായി, ഉപയോക്താക്കൾക്ക് അവരുടെ ബാങ്കുകളുമായി ബന്ധപ്പെടാമെന്നും ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു.















