ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നയാബ് സിംഗ് സൈനിയ്ക്ക് വിശ്വാസ വേട്ടെടുപ്പിൽ വിജയം. ഇന്ന് വിളിച്ചുചേർത്ത പ്രത്യേക മന്ത്രിസഭാ സമ്മേളനത്തിലാണ് വിശ്വാസ വേട്ടെടുപ്പ് നടന്നത്. വിശ്വാസ വോട്ടെടുപ്പോട് കൂടി നിയമസഭയിൽ ബിജെപി ഭൂരിപക്ഷം തെളിയിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്താൻ കഴിഞ്ഞ ദിവസം നയാബ് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി രാവിലെ ബിജെപി നിയമസഭാ കക്ഷി യോഗം ചേർന്നു. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മറ്റ് ബിജെപി എംഎൽഎമാരും നിർണായക യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനിയും ബിജെപി നേതാക്കളായ കൻവർ പാൽ ഗുജ്ജർ, ജയ് പ്രകാശ് ദലാൽ, മൂൽചന്ദ് ശർമ്മ, ബൻവാരി ലാൽ എന്നിവരും മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ജെജെപിയുമായുള്ള തർക്കത്തെ തുടർന്നാണ് മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം നയാബ് സിംഗ് സൈനി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.