തിരുവനന്തപുരം: എക്‌സാലോജിക്കുമായി സാമ്പത്തിക ഇടപാട് നടത്തിയ മുഴുവൻ കമ്പനികൾക്കും നോട്ടീസ് അയച്ച് എസ്എഫ്‌ഐഒ. ചെന്നൈ ഓഫീസിൽ ഈ മാസം 15-നകം രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നിയമപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് അവഗണിച്ചാൽ നിയമനടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കട്ടെയെന്ന് കോടതി നിലപാടെടുത്തതോടെയാണ് തുടർനടപടികൾ. കേരളത്തിലെ 12 സ്ഥാപനങ്ങൾക്കാണ് ഇത്തരത്തിൽ നോട്ടീസ് ലഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ട് എസ്എഫ്‌ഐഒ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഇടപാട് നടത്തിയവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. എക്‌സാലോജിക്കുമായി ഏതുതരത്തിലുള്ള ഇടപാടാണ് നടത്തിയതെന്നാണ് നോട്ടീസിലെ പ്രധാനപ്പെട്ട ചോദ്യം. ഇത് വ്യക്തമാക്കുന്നതിനായി എക്‌സാലോജിക്കുമായി ഏർപ്പെട്ട കരാറിന്റെ പകർപ്പ്, വർക്ക് ഓർഡർ, ഇൻവോയ്‌സ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.
ഐടി അനുബന്ധ സേവനത്തിനാണ് സിഎംആർഎൽ എക്‌സാലോജിക്കിന് പണം നൽകിയതെന്നാണ് വാദം. 2016 മുതൽ സിഎംആർഎല്ലിന് പുറമെ 10-ലധികം സ്ഥാപനങ്ങളാണ് എക്‌സാലോജിക്കുമായി സാമ്പത്തിക ഇടപാടിൽ ഏർപ്പെട്ടതെന്നാണ് എസ്എഫ്‌ഐഒ കണ്ടെത്തൽ. നേരത്തെ ഇഡിയും ഇത് കണ്ടെത്തിയിരുന്നു.















