നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് നവ്യാ നായർ. ഒപ്പം മികച്ചൊരു നർത്തകി കൂടിയാണ് താരം. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് താരം ചെറിയൊരു ഇടവേളയെടുത്തിരുന്നു. വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയെങ്കിലും വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് നവ്യ ചെയ്യാറുള്ളത്. അടുത്തിടെയാണ് നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചത്. ഇപ്പോഴിതാ സ്വന്തമായി പുതിയൊരു സംരംഭത്തിന് കൂടി തുടക്കമിട്ടിരിക്കുകയാണ് നടി.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പുതിയ സംരംഭത്തിന്റെ വിശേഷങ്ങൾ നവ്യ ആരാധകരുമായി പങ്കുവച്ചത്. ഒരിക്കൽ ഉടുത്തതോ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോ ആയ സാരികൾ വിൽക്കാൻ ഒരുങ്ങുകയാണ് നവ്യ. ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആറ് സാരികളാണ് വിൽപ്പനക്കായി വെച്ചിരിക്കുന്നത്. കാഞ്ചീപുരം, ലിനൻ, ബനാറസി സാരികളാണ് വിൽക്കാനായി ഡിസ്‌പ്ലേ ചെയ്തിരിക്കുന്നത്.
View this post on Instagram
5000 രൂപയ്‌ക്ക് താഴെയാണ് സാരികളുടെ എല്ലാം വില. ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം സാരി വാങ്ങാൻ. സാരി ഇഷ്ടപ്പെട്ട് ആദ്യം എത്തുന്നവർക്കാകും പരിഗണന ലഭിക്കുന്നതെന്നും സമൂഹമാദ്ധ്യമങ്ങൾ വഴി നവ്യ അറിയിച്ചിട്ടുണ്ട്.
അതേസമയം സുരേഷ് ഗോപി നായകനാകുന്ന വരാഹം എന്ന ചിത്രത്തിലാണ് നവ്യാ നായർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. സുരാജ് വെഞ്ഞാറമൂടും സംവിധായകൻ ഗൗതം വാസുദേവ് മോനോനും ചത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.















