തിരുവന്തപുരം: എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിംഗ് ഇന്ന് ആരംഭിക്കും. 15,16,17 തീയതികളിൽ രാവിലെ 8 മുതൽ വൈകിട്ട്് 7 വരെയാണ് മസ്റ്ററിംഗ് നടക്കുക. റേഷൻ കടകൾക്ക് സമീപമുള്ള അംഗൻവാടികൾ, ഗ്രന്ഥശാലകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ആധാർകാർഡുമായാണ് മസ്റ്ററിംഗ് നടത്തേണ്ടത്.
സ്ഥല സൗകര്യമുള്ള റേഷൻകടകളിൽ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നതാണ്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട എല്ലാ കാർഡ് അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലങ്ങളിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിനും സീനിയർ സിറ്റിസൺ ആയ വ്യക്തികൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി 17 വരെ സംസ്ഥാനത്ത് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. ഈ തീയതികളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം ഇതിന് വേണ്ടി സൗകര്യം ഒരുക്കുമെന്നും ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു.















