ദിസ്പൂർ: എല്ലാവരും പൗരത്വ ഭേദഗതിയെ കുറിച്ചാണ് ചോദിക്കുന്നതെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച സെമികണ്ടക്ടേഴ്സ് പദ്ധതികളെ കുറിച്ച് ആർക്കും ഒരു ചോദ്യങ്ങളുമില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സെമികണ്ടക്ടേഴ്സിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ പോലും ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടേഴ്സിന്റെ പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എല്ലാവരും എന്തിനാണ് പൗരത്വ ഭേദഗതി നിയമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് സെമികണ്ടക്ടേഴ്സ് പദ്ധതികൾക്കാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. രാജ്യത്തിന്റെ ഗ്രാമ പ്രദേശങ്ങിൽ സെമികണ്ടക്ടേഴ്സ് പദ്ധതികൾ കൊണ്ടുവരുമെന്ന് ആരും ഒരിക്കലും കരുതിയില്ല. എന്നാൽ നമ്മുടെ പ്രധാനമന്ത്രി അത് യാഥാർത്ഥ്യമാക്കി.
സംസ്ഥാനത്ത് സെമികണ്ടക്ടേഴ്സ് പദ്ധതികൾ നടപ്പിലാകുന്നതോടെ 27,000 കോടിയുടെ നിക്ഷേപങ്ങൾ നടക്കും. ഇത് അയൽ സംസ്ഥാനങ്ങളിലെ 30,000 യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.















