തിരുവനന്തപുരം: ഇന്ന് രാവിലെ മുതൽ ആരംഭിച്ച റേഷൻ മസ്റ്ററിംഗ് മുടങ്ങി. സെർവർ തകരാറിനെ തുടർന്നാണ് മസ്റ്ററിംഗ് മുടങ്ങിയത്. ബയോമെട്രിക് ഒതെന്റിഫിക്കേഷൻ നടക്കാത്തതിനാലാണ് മസ്റ്ററിംഗിൽ തടസം നേരിട്ടത്. നിലവിലെ സെർവർ മാറ്റാതെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു.
എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിംഗാണ് ഇന്ന് രാവിലെ മുതൽ ആരംഭിച്ചത്. ആധാർ മസ്റ്ററിംഗിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണവും ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. റേഷൻ കടകൾക്ക് സമീപമുള്ള അംഗൻവാടികൾ, ഗ്രന്ഥശാലകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നത്. ആധാർകാർഡുമായാണ് എത്തണമെന്നാണ് ഉപഭോക്താക്കളെ അറിയിച്ചിരുന്നത്.















