ചെന്നൈ: സുരക്ഷാ കാരണങ്ങളുടെ പേരുപറഞ്ഞ് സർക്കാർ അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്‌ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. തിങ്കളാഴ്ച വൈകിട്ട് നാലിന് മേട്ടുപ്പാളയം റോഡ് ഹൗസിങ് യൂണിറ്റ് ഭാഗത്തുനിന്നു ആർ.എസ്. പുരംവരെ അഞ്ചു കിലോമീറ്ററോളമാണ് റോഡ് ഷോ. സർക്കാർ നിർദ്ദേശ പ്രകാരം തമിഴ്നാട് പോലീസാണ് അനുമതി നിഷേധിച്ചിരുന്നത്.
തുടർന്ന് ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് റോഡ് ഷോയ്‌ക്ക് അനുമതി നൽകാൻ ഉത്തരവിട്ടത്. നീലഗിരി, കോയമ്പത്തൂർ, പൊള്ളാച്ചി, തിരുപ്പൂർ, ഈറോഡ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി കോയമ്പത്തൂരിലെത്തുന്നത്.
റോഡ് ഷോയ്‌ക്ക് ശേഷം നടത്തുന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. ഇതിന്റെ വേദി തീരുമാനിച്ചിട്ടില്ല. കേന്ദ്ര സേനയും പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കെത്തും.