റായ്പൂർ: ഛത്തീസ്ഗഡിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. ബിജാപൂരിലെ ബെദ്രാ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹിംഗ് മെത ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും കമ്യൂണിസ്റ്റ് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയായിരുന്നു ഓപ്പറേഷൻ ആരംഭിച്ചത്. ജില്ലാ റിസർവ് ഗാർഡിന്റെയും (ഡിആർജി) പോലീസ് ഉദ്യോഗസ്ഥരുടെയും സംഘങ്ങൾ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പ്രദേശത്ത് തമ്പടിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരരുടെ ക്യാമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ തകർത്തു. ഇവിടെ നിന്നും സ്ഫോടക വസ്തുക്കളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.















