ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടെ ആഗോളത്തലത്തിലുള്ള ഭാരതത്തിനുള്ള പ്രതിഛായ മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഏത് പ്രശ്‌നത്തിനും ഭാരതത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുന്നതിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും എസ്. ജയശങ്കർ പറഞ്ഞു. 2023ലെ എക്കണോമിക് ടൈംസ് അവാർഡ് ഫോർ കോർപ്പറേറ്റ് എക്‌സല്ലൻസിൽ ‘റീഫോമർ ഓഫ് ദ ഇയർ’ പുരസ്‌കാരം ലഭിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു ഇന്ത്യയെയാണ് ലോകം കാണുന്നത്. ഏതൊരു പ്രതിസന്ധിക്കും ഇന്ന് ഇന്ത്യയുടെ പക്കൽ പരിഹാരമുണ്ട്, സ്വന്തമായ അഭിപ്രായവും നിലപാടുകളുമുണ്ട്. ദേശസുരക്ഷയുടെ കാര്യത്തിലോ, ഊർജ്ജങ്ങളുടെ ഉത്പാദനത്തിലോ, വ്യവസായ രംഗങ്ങളോ അങ്ങനെ ഏത് കാര്യമെടുത്താലും അതിൽ ഇന്ത്യയ്‌ക്കായി ഒരു നിലപാടുണ്ട്. ഇക്കാര്യങ്ങളിലൊക്കെയും ഇന്ത്യയ്‌ക്ക് പരിഹാരവും കണ്ടെത്താൻ സാധിക്കും. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഭാരത്തിലുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. അതിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു”.- എസ്. ജയങ്കർ പറഞ്ഞു.
കൊറോണ മഹാമാരിയുടെ കാലത്തിൽ പോലും ഇന്ത്യയ്‌ക്ക് ആ പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞു. ഭാരതത്തിൽ നിന്നാണ് വിവിധ രാജ്യങ്ങളിലേക്കുള്ള വാക്‌സിനുകൾ അയച്ചിരുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഓപ്പറേഷൻ ഗംഗ, ഓപ്പറേഷൻ അജയ്, കാവേരി തുടങ്ങിയ ദൗത്യങ്ങളിലൂടെ ഭാരതത്തിലേക്കെത്തിച്ചത് ലോകം ഇതിനോടകം കണ്ടതാണ്. യുദ്ധ സമയങ്ങളിൽ പോലും ഇന്ത്യയുടെ അഭിപ്രായങ്ങളും ഇടപെടലുകളും ലോകനേതാക്കൾ അറിയാൻ ആഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള മികച്ച മാറ്റങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നതെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.















