ആലപ്പുഴ: മസ്റ്ററിംഗ് നടക്കാത്തതിൽ പ്രകേപിതനായി ജീവനക്കാരന്റെ തലയിൽ ബിയർക്കുപ്പികൊണ്ട് അടിച്ച് മദ്യപാനി. മാന്നാർ കുട്ടമ്പേരൂരിലാണ് സംഭവം. എ ആർ ഡി 59-ാം നമ്പർ റേഷൻകടയിലെ ജീവനക്കാരൻ വലിയകുളങ്ങര സ്വദേശിയായ ശശിധരൻ (59) ആണ് മർദനത്തിനിരയായത്. പ്രതിയായ കുട്ടമ്പേരൂർ സ്വദേശി സനലിനെ (43) പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ മുതൽ മസ്റ്ററിംഗ് ആരംഭിച്ചെങ്കിലും സെർവർ തടസം നേരിട്ടിരുന്നു. നാലുമണിക്ക് ശേഷം ഏതാനും മഞ്ഞക്കാർഡുകാരുടെ മസ്റ്ററിംഗ് നടന്നു കൊണ്ടിരുന്നപ്പോഴാണ് പിങ്ക് കാർഡുമായി എത്തിയ സനൽ മസ്റ്ററിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ട് ജീവനക്കാരൻ ശശിധരനെ പറഞ്ഞയക്കുകയായിരുന്നു. ക്ഷുഭിതനായി പുറത്തുപോയ ഇയാൾ പിന്നീട് മദ്യപിച്ചുകൊണ്ട് തിരികെ വരുകയും കൈയിലുണ്ടായിരുന്ന മദ്യക്കുപ്പികൊണ്ട് ജീവനക്കാരന്റെ തലക്കടിക്കുകയുമായിരുന്നു.
പരിക്കേറ്റ ശശിധരൻ പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് ഹാജരാക്കി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതൽ മസ്റ്ററിംഗ് ആരംഭിച്ചിരുന്നെങ്കിലും സെർവർ തകരാറിലാണ്. ഇന്നും നാളെയും മഞ്ഞ കാർഡിന് മാത്രമാണ് മസ്റ്ററിംഗ് നടത്തുന്നതെന്ന് അറിയിച്ചത്. പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിംഗ് തിയതി പിന്നീട് അറിയിക്കും. എന്നാൽ, ഇന്നും സർവർ തകരാറിൽ ആയതിനാൽ മസ്റ്ററിംഗ് തടസപ്പെട്ടിരിക്കുകയാണ്.















