ന്യൂഡൽഹി: പതിറ്റാണ്ടുകളായി കഷ്ടത അനുഭവിക്കുന്നവർക്ക് വൈകി വന്ന നീതിയാണ് പൗരത്വ ഭേദഗതി നിയമമെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. സിഎഎ വർഷങ്ങൾക്ക് മുൻപ് തന്നെ വേണ്ടതായിരുന്നുവെന്നും, അൽപം വൈകിയെങ്കിലും നടപ്പിലായായതായും ജഗ്ഗി വാസുദേവ് പറഞ്ഞു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വിഭജനത്തിനുശേഷം അതിർത്തിയുടെ മറുവശത്തായ ആളുകൾക്ക് അവർ അർഹിക്കുന്ന പരിഗണന ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പ്രശ്‌നങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് തിരിച്ചു വരാമമെന്ന വാഗ്ദാനവും രാഷ്‌ട്രീയ ഇടങ്ങളിൽ ഉണ്ടായിരുന്നു. 75 വർഷത്തിലേറെയായി, ഇപ്പോഴും മോശമായ സ്ഥിതിലാണ് അവർ ജീവിക്കുന്നത്. അവരിൽ പലരും 30-40 വർഷം മുമ്പ് ഇവിടെ താമസം മാറിയെങ്കിലും ഇപ്പോഴും ഈ രാജ്യത്ത് അഭയാർത്ഥികളാണ്. അവർക്കും അഭിമാനമില്ലേ?” ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ പറഞ്ഞു.
ഇന്ത്യയിൽ മതപരമായ വിവേചനം ഇല്ല. എന്നാൽ നമ്മുടെ അയൽരാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം നിയമപരമായി തന്നെ അനുശാസിക്കപ്പെടുന്നു. ഇന്ത്യയിൽ ഒരു തരത്തിലുള്ള ധ്രുവീകരണവുമില്ല. പതിറ്റാണ്ടുകളായി കഷ്ടത അനുഭവിക്കുന്ന ആളുകൾക്ക് വൈകി വന്ന നീതിയാണ് ഭേദഗതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















