മുംബൈ: മഹാരാഷ്‌ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി. ഏപ്രിൽ 19ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. തുടർന്ന് ഏപ്രിൽ 26, മെയ് 7,13,20 എന്നീ തീയതികളിൽ വൊട്ടെടുപ്പ് നടക്കും. മേയ് 20ന് പാൽഘർ, കല്യാൺ, താനെ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്‌ട്രയിൽ 48 സീറ്റുകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഉത്തർപ്രദേശിന് ശേഷം മഹാരാഷ്‌ട്രയാണ് രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്ന പ്രധാന സംസ്ഥാനം.
ഇന്ന് ഉച്ചയോടെയാണ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികളിൽ പ്രഖ്യാപിച്ചത്. 26 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും 543 ലോക്സഭാ സീറ്റുകളിലേക്കുമുള്ള തീയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 19-നാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളായാണ് പോളിംഗ് നടക്കുക. ജൂൺ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകും. ജൂൺ 4-നാണ് ഫലപ്രഖ്യാപനം. മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂൺ 1 എന്നിങ്ങനെയാണ് പ്രഖ്യാപനം.















