ലക്‌നൗ: ലക്ഷ്മി ദേവിക്കെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിലൂടെ ഹിന്ദു വികാരം വ്രണപ്പെടുത്തിയ മുൻ എസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് എംപി-എംഎൽഎ കോടതി. ഉത്തർപ്രദേശിലെ വസീർഗഞ്ച് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് കോടതിയുടെ നിർദ്ദേശം.
സമാജ്വാദി പാർട്ടി മുൻ ജനറൽ സെക്രട്ടറി കൂടിയാണ് സ്വാമി പ്രസാദ് മൗര്യ. സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അംബരീഷ് കുമാർ ശ്രീവാസ്തവയാണ് ഇയാൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ വർഷം നവംബർ 15നാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. സ്വാമി പ്രസാദ് മൗര്യ ലക്ഷ്മി ദേവിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം കോടിക്കണക്കിന് ഹിന്ദു വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയതായി പരാതിക്കാരിയായ രാഗിണി രസ്‌തോഗി ആരോപിച്ചു.
സമൂഹമാദ്ധ്യമത്തിലൂടെയും സ്വാമി പ്രസാദ് മൗര്യ സമാന രീതിയിലുള്ള പരാമർശം നടത്തിയിരുന്നു. മുൻപും പല തവണയും സ്വാമി പ്രസാദ് മൗര്യ ഹിന്ദുക്കൾക്കെതിരെയും, ഹിന്ദു വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കെതിരെയും അധിക്ഷേപ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ ഇയാൾക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്.















