ന്യൂഡൽഹി: മുട്ടക്കറി ഉണ്ടാക്കി നൽകാൻ വിസമ്മതിച്ച പങ്കാളിയെ കൊലപ്പെടുത്തി കാമുകൻ. കൊലപാതകത്തിൽ പ്രതി ലല്ലൻ യാദവ് (35) അറസ്റ്റിൽ. 32കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ചൗമ വില്ലേജിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നിർമ്മാണ കെട്ടിടത്തിലെ സെക്യൂരിറ്റി പോലീസിൽ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മദ്യപിച്ചെത്തിയ പ്രതി പങ്കാളിയായ അഞ്ജലിയോട് മുട്ടക്കറി ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതിന്റെ ദേഷ്യത്തിലാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും ലല്ലൻ ദേവ് മൊഴി നൽകി. ചുറ്റികയും ബെൽറ്റും ഉപയോഗിച്ചാണ് യുവതിയെ പ്രതി കൊലപ്പെടുത്തിയത്. കൊലപാതക ശേഷം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അഞ്ജലിയുടെ മൃതദേഹം ഒളിപ്പിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും ബെൽറ്റും പോലീസ് കണ്ടെടുത്തു.
മാർച്ച് 10-നാണ് അഞ്ജലിയും യാദവും ഡൽഹിയിൽ ജോലിക്കായി എത്തിയത്. ഇരുവരും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനും ഇവരുടെ രേഖകൾ പരിശോധിച്ചിരുന്നില്ല. തന്റെ ഭാര്യയാണ് അഞ്ജലിയെന്നായിരുന്നു ലല്ലൻ ദേവ് വീട്ടുകാരെ പരിചയപ്പെടുത്തിയത്.
ആറ് വർഷം മുമ്പ് പാമ്പുകടിയേറ്റ് തന്റെ ഭാര്യ മരണപ്പെട്ടെന്നും അതിന് ശേഷമാണ് ഡൽഹിയിൽ എത്തിയതെന്നുമാണ് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞത്. ഏഴുമാസം മുമ്പാണ് തെരുവിൽ നിന്നും മാലിന്യം ശേഖരിച്ച് വിൽക്കുന്ന അഞ്ജലിയെ പരിചയപ്പെട്ടത്. തുടർന്ന്, ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.















