അമരാവതി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യ പ്രചാരണ റാലിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പൽനാട് ജില്ലയിൽ നടക്കുന്ന റാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന റാലി ആന്ധ്രയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റാലിയാകുമെന്നാണ് നേതാക്കൾ പറയുന്നത്. ബിജെപിയും തെലുങ്ക് ദേശം പാർട്ടിയും ജനസേനാ പാർട്ടിയും ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചതിന് ശേഷമുള്ള ആദ്യ റാലിയാണിത്.
റാലിയിൽ ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു, ജനസേനാ മേധാവി പവൻ കല്യാൺ എന്നിവരും പങ്കെടുക്കും. മൂന്ന് സഖ്യകക്ഷികളായ ടിഡിപി, ജനസേന, ബിജെപി എന്നിവ 10 വർഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ആന്ധ്രയിലെ തിരഞ്ഞെടുപ്പിനുണ്ട്.
റാലിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി വൈകിട്ട് 4.10-ന് ഗന്നവാരം വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന്, ഹെലികോപ്റ്ററിൽ പൽനാട് ജില്ലയിലെത്തും. വൈകിട്ട് 5 മണി മുതൽ 6 മണിവരെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലും യോഗത്തിലും പങ്കെടുക്കും. ഇവിടെ നിന്നും രാത്രി ഹൈദരാബാദിലേക്ക് യാത്ര തിരിക്കും.















