തിരുവനന്തപുരം: രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഭാരത് അരിയും ഭാരത് ആട്ടയും വിൽക്കാൻ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തീരുമാനിച്ചു. മൊബൈൽ വാനുകൾ ഉപയോഗിച്ചായിരിക്കും വിതരണം നടത്തുകയെന്നും പൊതുവിതരണ മന്ത്രാലയം അറിയിച്ചു. കേന്ദ്രസർക്കാർ നൽകുന്ന ഭാരത് അരിയുടെ 5 കിലോ, 10 കിലോ പാക്കറ്റുകൾ വിൽക്കുന്നതിനായി കഴിഞ്ഞ മാസം കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഡൽഹിയിൽ 100 മൊബൈൽ വാനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു.
അടുത്ത മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും റെയിൽവേ സ്റ്റേഷനുകളിൽ വിതരണം നടക്കുക. എല്ലാ ദിവസവും വൈകിട്ട് രണ്ട് മണിക്കൂർ നേരമായിരിക്കും വിൽപ്പന. വിതരണത്തിന്റെ വീഡിയോകൾ പ്രദർശിപ്പിക്കരുതെന്നും പൊതുവിതരണ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഭാരത് അരി കിലോയ്‌ക്ക് 29 രൂപയും ഭാരത് ആട്ടയ്‌ക്ക് 27.50 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.