ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സിക്കിം, അരുണാചാൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം. ജൂൺ 4ന് നടക്കേണ്ട വോട്ടെണ്ണൽ ജൂൺ രണ്ടിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലേയും നിയമസഭകളുടെ കാലാവധി ജൂൺ 2ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. അരുണാചൽ പ്രദേശിലും സിക്കിമിലും ഏപ്രിൽ 19ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും.
അരുണാചൽ പ്രദേശിൽ ബിജെപി സർക്കാരാണ് ഭരിക്കുന്നത്. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇവിടെ 60ൽ 53 സീറ്റുകളാണ് ബിജെപി നേടിയത്. നാഷണൽ പീപ്പിൾസ് പാർട്ടി(2), സ്വതന്ത്രൻ (1) എന്നിവരുടെ പിന്തുണയോടെ 56 സീറ്റുകളിൽ കരുത്ത് കാട്ടിയാണ് എൻഡിഎ സർക്കാർ അധികാരത്തിലേറിയത്.
പ്രേം സിംഗ് തമാംഗിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് സിക്കിമിൽ അധികാരത്തിലിരിക്കുന്നത്. 32 നിയോജകമണ്ഡലങ്ങളാണ് സിക്കിമിലുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) 19 സീറ്റും ബിജെപി 11 സീറ്റും നേടിയിരുന്നു.















