തൃശൂർ: ചാവക്കാട് നഗരമധ്യത്തിൽ കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്ടം. കുന്നംകുളം റോഡിൽ ട്രാഫിക് ഐലൻഡ് ജംഗ്ഷന് സമീപമുള്ള ഓടിട്ട കെട്ടിടത്തിലെ കടകളിലാണ് തീ പിടിച്ചത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അസീസ് ഫൂട്ട്‌വെയർ, ടിപ്പ് ടോപ്പ് ഫാൻസി ഷോപ്പ് എന്നീ കടകളും മറ്റൊരു തുണിക്കടയും കത്തിനശിച്ചു.
കടകളിൽ നിന്നും വൈദ്യുതി കേബിളുകളിലേക്കും തീ പടർന്നു കയറി. ട്രാൻസ്‌ഫോമറിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തീ പിടിച്ചതിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിനുള്ളിൽ നിന്നും തീ ആളി കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിച്ച് തീ അണയ്‌ക്കുകയായിരുന്നു.