മുംബൈ: ചരിത്രമാകാനൊരുങ്ങി മഹാരാഷ്‌ട്രയിലെ വോട്ടെടുപ്പ്. ആദ്യമായി മഹാരാഷ്‌ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലേക്ക് അഞ്ച് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 19-ന് ആരംഭിച്ച് മെയ് 20-നാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് അവസാനിക്കുക. വിദർഭ മേഖലയിാലകും ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക.
ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്‌ട്ര. സുരക്ഷ മുൻനിർത്തി കേന്ദ്രസേനയുടെ ലഭ്യതയെ അടിസ്ഥാനമാക്കിയാണ് ഘട്ടങ്ങളുടെ ക്രമം തീരുമാനിച്ചതെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ എസ് ചൊക്കലിംഗം പറഞ്ഞു. 2019-ൽ നാല് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നതെങ്കിൽ 2014-ൽ ഇത് മൂന്ന് ഘട്ടങ്ങളായിരുന്നു.
മാർച്ച് 15 വരെയുള്ള കണക്കുകൾ പ്രകാരം മഹാരാഷ്‌ട്രയിൽ 9.2 കോടി വോട്ടർമാരുണ്ട്. 2019-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 34.6 ലക്ഷം വോട്ടർമാരുടെ വർദ്ധനവാണിത്. സംസ്ഥാനത്ത് 4.8 കോടി പുരുഷന്മാരും 4.4 കോടി സ്ത്രീകളുമുണ്ട്. 5,559 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ജനുവരി 23-ന് വോട്ടർപട്ടിക പുതുക്കിയപ്പോൾ ആകെ വോട്ടർമാർ 9.1 കോടിയായിരുന്നു.















