ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കട്ടപ്പനയിൽ നടന്ന ‘ജനസഭ’ അലങ്കോലപ്പെടുത്താൻ ശ്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ പരാതി നൽകി ജനം ടിവി. ‘ജനസഭ’ അലങ്കോലപ്പെടുത്തിയ 20 സിപിഎം – എസ്ഡിപിഐ പ്രവർത്തകർക്കെതിരെയാണ് പരാതിയിന്മേൽ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ 50,000ത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് ചാനൽ അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാത്രി കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലാണ് സംഭവം. മൂന്ന് പാർട്ടികളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ചക്കിടെ വാദപ്രതിവാദങ്ങളുണ്ടായി. എൻഡിഎ പ്രതിനിധിയായ ബിജെപി ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ മറുപടി പറയുന്നതിനിടെ ‘പുഷ്പനെ അറിയാമോ’ എന്ന പരാമർശം നടത്തിയതോടെ സിപിഎം പ്രവർത്തകർ പ്രകോപിതരാവുകയായിരുന്നു. തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു.
സിപിഎം പ്രതിനിധികൾ ശ്രീനഗരി രാജനെതിരെ കസേരകൾ വലിച്ചറിഞ്ഞു. പ്രകോപിതരായ സിപിഎം പ്രവർത്തകർ ജനം ടിവി പ്രോഗ്രാം മേധാവി അനിൽ നമ്പ്യാരെയും മറ്റ് ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു. എൻഡിഎയ്‌ക്കായി ശ്രീനഗരി രാജൻ, യുഡിഎഫിനായി ജോയ് വെട്ടിക്കുഴി, എൽഡിഎഫിനായി ബി.ആർ സജി എന്നിവരാണ് സംവാദ പരിപാടിയുടെ ഭാഗമായത്.















