പരമ്പരാഗത കോപ്പർ അധിഷ്ഠിത ടെക്നോളജിയിൽ നിന്ന് പുതുതലമുറ ഒപ്റ്റിക്കൽ ഫൈബറിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ ലാൻഡ്ഫോണുകൾ. ജൂൺ മാസത്തോടെ കേരളത്തിലെ വിവിധ ബിസിനസ് ഏരിയകളിൽ മാറ്റം അവസാനഘട്ടത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്ക് മാറും. ഇതോടെ പരമ്പരാഗത ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സേവനവും അവസാനിക്കും.
ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ലാൻഡ്ഫോണുകൾ വരുന്നതോടെ ഫോൺ വിളികൾക്ക് അപ്പുറം അതിവേഗ ഇന്റർനെറ്റ് സാധ്യമാകും. വൈഫൈ മോഡം വഴി വീടിനുള്ളിലെ വിവിധ ഗാഡ്ജറ്റുകൾ കണക്ട് ചെയ്യാൻ സാധിക്കും. ഫൈബർ ടു ദ് ഹോം കണക്ഷൻ വഴി വിവിധ പ്ലാനുകൾ തിരഞ്ഞെടുത്ത് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ഫോൺ വിളിക്ക് ഒപ്പം ഉപയോഗിക്കാൻ സാധിക്കും. കോപ്പർ കേബിളുകൾ വീണ്ടെടുത്ത് വിൽക്കാനും ബിഎസ്എൻഎൽ ശ്രമം നടത്തുന്നുണ്ട്. മികച്ച ഗുണനിലവാരമുള്ള കോപ്പർ കേബിളുകൾ വിൽക്കുന്നത് വഴി വരുമാനം നേടാനും സാധിക്കും.