ന്യൂഡൽഹി: ഇന്ത്യൻ സിം കാർഡുകൾ വിയറ്റ്‌നാമിലേക്ക് കടത്തി നടത്തുന്ന വ്യത്യസ്ത തരം തട്ടിപ്പ് ഡൽഹി ഐജിഐ എയർപോർട്ട് പോലീസ് സംഘം കണ്ടെത്തി. നാമമാത്രമായ തുക നൽകി തൊഴിലാളികളുടെ പേരിൽ രെജിസ്റ്റർ ചെയ്യുന്ന സിം കാർഡുകൾ തുടർന്ന് കൊറിയർ വഴി വിയറ്റ്നാമിലേക്ക് അയയ്‌ക്കുകയായിരുന്നു ചെയ്തു വന്നത്. ആക്ടിവേറ്റ് ചെയ്ത സിം കാർഡുകൾ വിയറ്റ്നാമിൽ എത്തിക്കുന്നു. ഈ സിമ്മുകൾ ഗെയിമിംഗ് ആപ്പുകളും വർക്ക് ഫ്രം ഹോം, സോഷ്യൽ മീഡിയ തട്ടിപ്പുകളും നടത്തുന്ന തട്ടിപ്പുകാരാണ് ഉപയോഗിക്കുന്നതെന്ന് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി ഡിസിപി (വിമാനത്താവളം) ഉഷാ രംഗ്‌നാനി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ ഇന്ത്യയിൽ നിരോധിച്ച ബിനാൻസ് എന്ന ചൈനീസ് ക്രിപ്‌റ്റോകറൻസി ആപ്പ് വഴിയാണ് പ്രതികൾക്ക് ഇതിന്റെ പ്രതിഫലം ലഭിച്ചതെന്നും ഉഷാ രംഗ്‌നാനി പറഞ്ഞു.
ഈ സിമ്മുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലൈക്കുകളും ഫോളോവേഴ്‌സും കൃത്രിമമായി വർദ്ധിപ്പിക്കാനും ഉപയോഗിക്കുന്നതായി അധികൃതർ ഞായറാഴ്ച വെളിപ്പെടുത്തി.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മുകുൾ കുമാർ (22), ഹേമന്ത് (26), കനയ്യ ഗുപ്ത (29), അനിൽകുമാർ (20) എന്നിവരെ ആഗ്രയിൽ നിന്നും ഡൽഹിയിൽ നിന്നും പിടികൂടി. സിം കാർഡുകൾ അനധികൃതമായി വിൽക്കുന്നതിലൂടെ ലാഭമുണ്ടാക്കുന്ന ഒരു സിൻഡിക്കേറ്റിന്റെ ഭാഗമായാണ് അവർ പ്രവർത്തിച്ചത് എന്ന് അധികൃതർ പറഞ്ഞു.
ഡയറിക്കുള്ളിൽ അറകളിൽ ഒളിപ്പിച്ച 500 സിം കാർഡുകൾ അടങ്ങിയ ഫെഡ്എക്‌സ് കൊറിയറിന്റെ ഷിപ്പ്‌മെൻ്റ് ഐജിഐ കാർഗോ ടെർമിനലിൽ തടഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നുള്ള അന്വേഷണങ്ങൾക്ക് ശേഷം ഐപിസി 420 വകുപ്പ് പ്രകാരം കേസെടുത്തു.
പ്രതിയായ മുകുൾ കുമാർ, പണം വാഗ്ദാനം ചെയ്ത് വേതന തൊഴിലാളികളെ വശീകരിച്ചാണ് അവരുടെ പേരിൽ സിം കാർഡുകൾ നേടിയെടുത്തത്. മുകുൾ കുമാർ ഈ സിം കാർഡുകൾ കനയ്യയ്‌ക്കും ആഗ്രയിലെ ഹേമന്തിനും 300 രൂപയ്‌ക്ക് വിറ്റതായും പിന്നീട് 500 രൂപയ്‌ക്ക് ഡൽഹിയിലെ അനിൽ കുമാറിന് വിറ്റതായും കണ്ടെത്തി.വിയറ്റ്നാമിലുള്ള മാഫിയയുമായി ടെലിഗ്രാം ആപ്പ് വഴിബന്ധപ്പെടുന്ന അനിൽ കുമാർ, സജീവമാക്കിയ സിം കാർഡുകൾ വിയറ്റ്നാമിലേക്ക്അയക്കുകയായിരുന്നു. ഓരോന്നിനും 1300 രൂപ ലാഭത്തിലാണ് വിൽക്കുന്നത്.
അനിൽകുമാറിന്റെ പക്കൽ നിന്ന് 200 സിം കാർഡുകളും വിവിധ ചെക്ക് ബുക്കുകളും ഡെബിറ്റ് കാർഡുകളും പിടിച്ചെടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സമാനമായ മറ്റ് കേസുകളിൽ അവർ ഉൾപ്പെട്ടിരിക്കാൻ ഉള്ള സാധ്യതയും സംബന്ധിച്ച കൂടുതൽ പരിശോധന നടന്നുവരികയാണ്. നിരോധിത ബിനാൻസ് ആപ്പിൽ ക്രിപ്‌റ്റോകറൻസി ട്രേഡിംഗിൽ ഏർപ്പെട്ടതായി അനിൽ കുമാർ സമ്മതിച്ചു. റാക്കറ്റിന് പിന്നിലെ സൂത്രധാരൻ ചൈനീസ് പൗരനാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഇൻസ്‌പെക്ടർ വിജേന്ദർ റാണയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘത്തെയാണ് കേസന്വേഷിക്കാൻ നിയോഗിച്ചത്.















