ചെന്നൈ: ‘ശക്തി’ പരാമർശത്തിൽ രാഹുലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീശക്തിയുടെ അനുഗ്രഹമാണ് തന്റെ ഏറ്റവും വലിയ കവചം. എന്നാൽ പ്രതിപക്ഷ സഖ്യം നാരീശക്തിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ കാഞ്ചി കാമാക്ഷിയും മധുരൈ മീനാക്ഷിയും ശക്തിയാണ്. ഇത്തരത്തിൽ ശക്തികളെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ് പ്രതിപക്ഷ സഖ്യം. സ്ത്രീകളെ ആക്രമിക്കുന്ന പ്രതിപക്ഷ സഖ്യത്തെ നിങ്ങളെല്ലാവരും കാണുന്നുണ്ട്. മുൻ മുഖ്യമന്ത്രി ജെ. ജയലളിത ജീവിച്ചിരുന്നപ്പോൾ ഡിഎംകെ നേതാക്കൾ അവരോട് പെരുമാറിയതെങ്ങനെയെന്ന് നിങ്ങൾക്കറിയാം. ഇതാണ് കോൺഗ്രസിന്റെയും ഡിഎംകെയുടെയും യാഥാർത്ഥ മുഖം. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള ആദ്യ പ്രഹരം ഏപ്രിൽ 19ന് തമിഴ്‌നാട് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സേലത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു മതത്തെ ബോധപൂർവ്വം അപമാനിക്കാനാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നത്. നിരന്തരമായി അവർ ഹിന്ദുമതത്തെ അപമാനിക്കുന്നു. മറ്റ് മതങ്ങൾക്കെതിരെ കോൺഗ്രസും ഡിഎംകെയും ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യം ഇത്തരത്തിൽ സംസാരിക്കാറില്ല. കന്ദ്രസർക്കാരിനുള്ള സ്വീകാര്യത കണ്ട് ഡിഎംകെയ്‌ക്ക് ഉറക്കം നഷ്ടമായിരിക്കുകയാണ്. വികസിത ഭാരതവും വികസിത തമിഴ്‌നാടും യാഥാർത്ഥ്യമാകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ് കിട്ടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്തരിച്ച ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെഎൻ ലക്ഷ്മണനെയും അദ്ദേഹം ബിജെപിക്ക് നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.
‘ശക്തി’യെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ശക്തിയെ ആരാധിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തെലങ്കാനയിലെ ജഗ്തിയാലിൽ നടന്ന പൊതുസമ്മേളനത്തിലും പറഞ്ഞിരുന്നു.















