മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആശങ്കയിലായി ആരാധകർ. ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ ഹൃദയം നുറുങ്ങുന്ന ഒരു ഇമോജിയാണ് താരം സ്റ്റോറിയിൽ പങ്കുവച്ചത്. നേരത്തെ സ്പോർട്സ് ഹെർണിയ ഓപ്പറേഷൻ പൂർത്തിയാക്കിയ സൂര്യകുമാർ ഇന്ത്യയിൽ മടങ്ങിയെത്തിയിരുന്നു.
ജനുവരി മുതൽ ക്രിക്കറ്റിൽ നിന്ന് അകന്നു നിൽക്കുകയാണ് വലം കൈയൻ ബാറ്റർ. ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് താരത്തിന് മുംബൈയുടെ ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടമാകുമെന്നാണ് സൂചന. 24ന് ഗുജറാത്തുമായാണ് മുംബൈയുടെ ആദ്യ മത്സരം.
എന്നാൽ താരത്തിന്റെ സ്റ്റോറി പുറത്തുവന്നതോടെ ആരാധകർ സൂര്യകുമാറിന്റെ ഐപിഎൽ പങ്കാളിത്തത്തിൽ തന്നെ സംശയത്തിലായി. ഇന്നാണ് താരം ഇമോജി പങ്കുവച്ചത്. സൂര്യയ്‌ക്ക് ഇതുവരെ ബിസിസിഐ ശരീരിക ക്ഷമത സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മുംബൈ പരിശീലകൻ മാർക്ക് ബൗച്ചർ സൂര്യയുടെ കാര്യത്തിൽ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.