പാകിസ്താൻ ജാവലിൻ ത്രോ താരമായ അർഷദ് നദീമിന്റെ അവസ്ഥ വിശ്വസിക്കാനാവുന്നില്ലെന്ന് ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര. പാരീസ് ഒളിമ്പിക്സിന് ഒരുങ്ങുന്ന അർഷദ് ഒരു പുതിയ ജാവലിൻ വാങ്ങാൻ കഷ്ടപ്പെടുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇ.എസ്.പി.എന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്.
‘ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് എട്ടു വർഷത്തോളം പഴക്കമുള്ള ജാവലിനാണ്. കരിയർ തുടങ്ങുമ്പോൾ വാങ്ങിയത്. അത് ഏറ്റവും മോശം അവസ്ഥയിലാണ്. ദേശീയ ഫെഡറേഷനോടും പരിശീലകനോടും പാരീസ് ഒളിമ്പിക്സിന് മുൻപ് എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിമ്പിക് മെഡൽ ലക്ഷ്യമിടുന്ന ഒരു അത്‌ലറ്റിന്, നിങ്ങൾക്ക് ശരിയായ ഉപകരണങ്ങളും പരിശീലന സൗകര്യങ്ങളുമെങ്കിലും നൽകേണ്ടേ”– നദീം ചോദിച്ചു.
‘പുതിയ ജാവലിനായി അദ്ദേഹം കഷ്ടപ്പെടുന്നുവെന്ന അവസ്ഥ വിശ്വസിക്കാനാകുന്നില്ല. കഴിവുള്ള അത്ലറ്റുകൾക്ക് ഇത്തരം കാര്യങ്ങൾ ഒരു പ്രശ്നമാകരുത്”– നീരജ് പറഞ്ഞു. തുർക്കിയിലാണ് നീരജിന്റെ ഒളിമ്പിക്സിന് മുന്നോടിയായുള്ള പരിശീലനം. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നദീം നീരജിനൊപ്പം മത്സരിച്ചിരുന്നു. ബുഡാപെസ്റ്റിൽ പാകിസ്താൻ താരത്തിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.