ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണക്കേസിലെ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഏപ്രിൽ ആറ് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഡൽഹിയിലെ റൂസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികൾ പുറത്തുവന്നാൽ അന്വേഷണത്തിന് തടസമായേക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഡൽഹി മദ്യനയ കുംഭകോണക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ അറസ്റ്റിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് പുറത്തുവരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയിരുന്നതായി ഇഡി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മദ്യനയം രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 100 കോടി രൂപ കവിത കൈമാറിയതായും ഇഡി വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലുള്ള കവിതയുടെ വസതിയിലുൾപ്പടെ
ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.















