മാർച്ച് 25 ന് നിറങ്ങളുടെ ഉത്സവം . ഹോളി ആഘോഷിക്കാൻ രാജ്യത്തുടനീളം ഒരുക്കങ്ങൾ നടക്കുന്നു. ഇത് ഹിന്ദു മതത്തിന്റെ ഒരു പ്രധാന ആഘോഷമാണ്, മറ്റ് ആഘോഷങ്ങളെപ്പോലെ ഹോളിക്ക് പിന്നിലും പുരാണ കഥയുണ്ട്. തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് ഹോളിക ദഹൻ എന്ന ചടങ്ങോടെയാണ് തുടക്കം കുറിക്കുന്നത്.
ഇസ്ലാമിക രാജ്യമായ പാകിസ്താനിലെ ഒരു ക്ഷേത്രത്തിലും മുൻപ് ഹോളി ആഘോഷം നടത്തുമായിരുന്നു. ഹോളിക ദഹന്റെ പുരാണ കഥയുമായി ആഴത്തിലുള്ള ബന്ധമുള്ള ക്ഷേത്രമാണ് പ്രഹ്ലാദ്പുരി ക്ഷേത്രം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മുൾട്ടാൻ നഗരത്തിലാണ് പ്രഹ്ലാദ്പുരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുൾട്ടാനിലെ ഒരു ചരിത്ര സ്മാരകമായിരുന്നു ഈ ക്ഷേത്രം. ഹിന്ദുമതത്തിലും ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിന്റെ നരസിംഹാവതാരത്തോടുള്ള ബഹുമാനാർത്ഥം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭക്തനായ പ്രഹ്ലാദനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷം പഴക്കമുണ്ട്. 1861-ലും ക്ഷേത്രത്തിനായി സംഭാവനകൾ ശേഖരിച്ചു. 1947-ലെ വിഭജന സമയത്ത് പ്രഹ്ലാദ്പുരി ക്ഷേത്രം പാകിസ്താന്റെ ഭാഗത്തേക്ക് പോയി. മുൻപ് ഹോളി ദിനത്തിൽ ഇവിടെ വൻ ഭക്തജനത്തിരക്കായിരുന്നു. രണ്ട് ദിവസം ഹോളിക ദഹൻ സംഘടിപ്പിച്ചു, ഹോളി മേള 9 ദിവസം തുടർന്നു. എന്നാൽ 1992ൽ ചില മതമൗലികവാദികൾ ക്ഷേത്രം തകർത്തു. അതിനുശേഷം, സർക്കാരും അതിന്റെ പരിചരണത്തിൽ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ക്ഷേത്രം നവീകരിക്കാൻ പാക് കോടതി ഉത്തരവിട്ടിരുന്നു. എങ്കിലും, ഇതുവരെ പൂർണ്ണമായും പുനരുദ്ധരിച്ചിട്ടില്ല.