ന്യൂഡൽഹി: പശ്ചിമബംഗാളിൽ നടക്കുന്ന ബാലാവകാശ ലംഘനങ്ങൾ സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ നേരിട്ടെത്തിയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് റിപ്പോർട്ട് കൈമാറിയത്.
പശ്ചിമ ബംഗാൾ സർക്കാറിന് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് പ്രിയങ്ക് കനൂംഗോ പറഞ്ഞു. മാത്രമല്ല ബാലാവകാശങ്ങൾ ബോധപൂർവ്വം ലംഘിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുഖ്യമന്ത്രി മമത ബാനർജി അടക്കം പോക്സോ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ട്. ബംഗാളിൽ നിരവധി അനധികൃത ബാലസദനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഫണ്ട് നൽകുകയാണ് സംസ്ഥാന സർക്കാർ . രാഷ്‌ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പാർലമെന്റിന് കൈമാറിയതായും പ്രിയങ്ക് കനൂംഗോ അറിയിച്ചു.
പശ്ചിമ ബംഗാളിൽ നിർധനരായ കുട്ടികൾക്കായി ‘കോട്ടേജ് ഹോംസ്’ പ്രവർത്തിക്കുന്നുണ്ട്. കോട്ടേജ് സ്കീമിന് കീഴിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ സുരക്ഷയോ സംരക്ഷണമോ സംസ്ഥാന സർക്കാർ ഒരുക്കുന്നില്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഇവിടത്തെ അന്തേവാസികളായി 40 കുട്ടികൾക്ക് നാടൻ ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റിട്ടുണ്ട്. കുട്ടികളുടെ കളിസ്ഥലത്താണ് ബോംബ് സ്ഫോടനം നടന്നത്. ഇത്രയും അപടകരമായ സാഹചര്യത്തിലാണ് കുട്ടികളെ പാർപ്പിച്ചിരിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.