മനുഷ്യന് മുൻപ് ഭൂമിയിൽ വിഹരിച്ചിരുന്നത് ദിനോസറുകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എറ്റോസോറുകളുടെ ഫോസിലുകൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. 200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഇന്നത്തെ മുതലകളുടെ പൂർവികരാണ് എറ്റോസോറുകളെന്നാണ് നിഗമനം. ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ ഗവേഷക സംഘമാണ് ഫോസിലുകൾ കണ്ടെടുത്തത്.
‘ഗാർസാപെൽറ്റ മ്യുള്ളേരി’ എന്നാണ് പുതുതായി കണ്ടെത്തിയ എറ്റോസോർ ഇനത്തിൽ നൽകിയ നാമം. ഫോസിൽ കണ്ടെത്തിയ വടക്കുപടിഞ്ഞാറൻ ടെക്സസിലെ പ്രദേശമാണ് ‘ഗാർസ’. കവചം എന്ന് അർത്ഥം വരുന്ന ലാറ്റിൻ പദമാണ് ‘പെൽറ്റ’. കണ്ടുപിടിത്തം നടത്തിയ പാലിയൻ്റോളജിസ്റ്റായ ബിൽ മുള്ളറുടെ ബഹുമാനാർത്ഥമാണ് ‘മുള്ളേരി’ എന്ന സ്പീഷീസ് നാമം നൽകിയത്.
കട്ടിയുള്ള കവചം പോലുള്ള ശരീരമാണ് ഇവയുടെ പ്രത്യേകത. കാരപ്പേസ് എന്ന് വിളിക്കുന്ന കവചത്തെ കുറിച്ച് കഴിഞ്ഞ വർഷം പഠന റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. വ്യത്യസ്തയാർന്ന കവചങ്ങളാണ് ഇവയ്‌ക്കുണ്ടായിരുന്നതെന്നാണ് ഗവേഷകർ കണ്ടെത്തിയത്. എന്നാൽ കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി ഫോസിലുകൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ കണ്ടെത്തിയത് 70 ശതമാനത്തോളം വരുന്ന ഫോസിലാണ്. കഴുത്തിന്റെയും തോളിന്റെയും ഭാഗങ്ങളും വാലിന്റെ അഗ്രം വരെയുള്ള ഭാഗങ്ങൾ ലഭിച്ചതായി ഗവേഷകർ വ്യക്തമാക്കി. ഏകദേശം 215 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് ഇവ ജീവിച്ചിരുന്നത്. ഇന്ന് കാണുന്ന മുതലയെ ചുരുട്ടിയെടുത്താൽ കിട്ടുംവിധത്തിലുള്ള ഘടനയാണ് ഇതിനെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ ജാക്‌സൺ സ്കൂൾ ഓഫ് ജിയോസയൻസിലെ ഡോക്ടറൽ വിദ്യാർത്ഥി വില്യം റെയ്‌സ് പറഞ്ഞു.
ദി അനാട്ടമിക്കൽ റെക്കോർഡ്സിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, എറ്റോസേറുകൾ വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ളവയാണ്. അന്റാർട്ടിക്ക, ഓസ്ട്രേലിയ ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ ഇവയുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.