മുംബൈ: ഗുണ്ടാസംഘത്തലവൻ ഛോട്ടാ രാജന്റെ മുൻ സഹായി ആയിരുന്ന രാംനാരായണ ഗുപ്തയെ വ്യാജ ഏറ്റുമുട്ടൽ കേസിൽ വധിച്ച കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമയ്‌ക്ക് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ലഖൻ ഭയ്യ എന്നറിയപ്പെടുന്ന രാംനാരായണ ഗുപ്തയെ 2006 ലായിരുന്നു വ്യാജ ഏറ്റുമുട്ടലിൽ വധിച്ചത്.
സെഷൻസ് കോടതി 2013 ജൂലൈയിൽ തെളിവുകളുടെ അഭാവത്തിൽ പ്രധാന പ്രതിയായ പ്രദീപ് ശർമ്മയെ കുറ്റവിമുക്തനാക്കി. മറ്റ് മൂന്ന് പൊലീസ്ഇൻസ്പെക്ടർമാരായ പ്രദീപ് സൂര്യവൻഷി, ദിലീപ് പലാണ്ഡെ, കോൺസ്റ്റബിൾ താനാജി ദേശായി എന്നിവരെ കൊലക്കുറ്റത്തിന് ശിക്ഷിച്ചു. ബാക്കിയുള്ള 18 പ്രതികൾ ഏറ്റുമുട്ടലിന് പ്രേരിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു.
കേസ് പരിഗണിച്ച ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, ഗൗരി ഗോഡ്‌സെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രദീപ് ശർമയെ കുറ്റവിമുക്തനാക്കിയ 2013ലെ സെഷൻസ് കോടതി വിധി റദ്ദാക്കി. മൂന്നാഴ്ചയ്‌ക്കകം ബന്ധപ്പെട്ട സെഷൻസ് കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശർമയോട് നിർദേശിച്ചു.
13 പൊലീസുകാരുൾപ്പെടെ 22 പേർ കൊലക്കേസിൽ പ്രതികളായിരുന്നു. പ്രതികളിൽ രണ്ടുപേർ കസ്റ്റഡിയിൽ മരിച്ചു.
തന്റെ 25 വർഷത്തെ പൊലീസ് ജീവിതത്തിൽ പ്രദീപ് ശർമ്മ കുറഞ്ഞത് 112 പേരെയെങ്കിലും ഏറ്റുമുട്ടലിൽ കൊന്നതായി ആരോപിക്കപ്പെടുന്നു.
അധോലോക ബന്ധം ആരോപിച്ച് 2008 ഓഗസ്റ്റിൽ ശർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത് വിവാദമായിരുന്നു. മഹാരാഷ്‌ട്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (MAT) വിധിയെ തുടർന്ന് 2009 മെയ് മാസത്തിൽ അയാളെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു.















