കൊല്ലം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനീഷ്യയുടെ മരണത്തിൽ സഹപ്രവർത്തകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചേർത്ത് ക്രൈംബ്രാഞ്ച്. ഓഫീസിലെ സഹപ്രവർത്തകരുടെയും മേൽ ഉദ്യോഗസ്ഥന്റെയും പരിഹാസവും അവഹേളനവും സഹിക്കാൻ കഴിയാതെയാണ് അനീഷ്യ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിക്കുന്ന ഓഡിയോ സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ അസ്വഭാവിക മരണത്തിന് മാത്രമായിരുന്നു പൊലീസ് കേസെടുത്തിരുന്നത്.
അനീഷ്യ മരണപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും സഹപ്രവർത്തകർക്കെതിരെ പൊലീസ് മറ്റു വകുപ്പുകൾ ചേർത്ത് നടപടികൾ സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് റിപ്പോർട്ടുകൾ പരിശോധിച്ച ക്രൈംബ്രാഞ്ച് സഹപ്രവർത്തകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പരവൂർ കോടതിയിൽ രേഖകൾ സമർപ്പിച്ചു.