ലക്നൗ: ഉത്തർപ്രദേശിലെ വാരാണസി ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഹോളി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഭക്തർ. നിരവധി പേരാണ് ആഘോഷത്തിൽ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തിയത്. ഢോൽ മുഴക്കിയും വർണങ്ങൾ വാരിയെറിഞ്ഞും ഭക്തർ ഹോളി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഭക്തർ ആഘോഷത്തിൽ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തി.
കാശിയിലെ ഹരിചന്ദ്രഘട്ടിൽ നിന്ന് ഒരു കൂട്ടം ഭക്തർ ഭസ്മം വിതറിയും ഹോളി ആഘോഷിച്ചു. എല്ലാ വർഷവും മാർച്ച് 20-ന് രംഗഭാരി ഏകാദശി ദിനത്തിലാണ് വാരാണസിയിൽ ഹോളി ആഘോഷങ്ങൾ ആരംഭിക്കുന്നത്. രംഗഭാരി ഏകദശി ദിനത്തിലെ മുഖ്യ ആകർഷണമാണ് ഗൗണ ഘോഷയാത്ര. ഭഗവാൻ ശിവനുമായുള്ള പാർവതി ദേവിയുടെ വിടവാങ്ങൽ ചടങ്ങായാണ് ഇത് വിശ്വസിക്കുന്നത്. ശിവന്റെയും പാർവതിയുടെയും വിഗ്രഹങ്ങൾ അലങ്കരിച്ച് പല്ലക്കിൽ കൊണ്ടുപോകുന്നതാണ് പ്രധാന ചടങ്ങ്.
ഘോഷയാത്രയിലും ഹോളി ആഘോഷത്തിലും പങ്കെടുക്കുന്നതിനായി ക്ഷേത്രത്തിലെത്തിയ ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനാൽ അധിക പൊലീസ് ഉദ്യോഗസ്ഥരെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചു. തിരക്ക് വർദ്ധിച്ചതോടെ ക്ഷേത്രദർശനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.















