തൃശൂർ ; കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച് നർത്തകി കലാമണ്ഡലം സത്യഭാമ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർഎൽവി രാമകൃഷ്ണന്റെ നിറത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും നർത്തകി അഭിപ്രായപ്രകടനം നടത്തിയത്.
‘ മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല’- എന്നുമാണ് കലാമണ്ഡലം സത്യഭാമ പറഞ്ഞത് .
സംഭവം വിവാദമായതോടെ താൻ ആർഎൽവി എന്ന സ്ഥാപനത്തെക്കുറിച്ചാണു പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. അതേസമയം പരാമർശത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെയും സത്യഭാമ ഇത്തരം വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്