നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. പ്രധാനമായും ഹോളി ഉത്തരേന്ത്യയുടെ ആഘോഷമാണ്. ഇപ്പോൾ ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്‌ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഹോളി ആഘോഷത്തിന് മുൻപന്തിയിൽ നിൽക്കുന്നത്. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുതയില്ലാതെയാകുമെന്നാണ് വിശ്വാസം.
ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ഹോളി കൊണ്ടാടുന്നത്.ഫാൽഗുന മാസത്തിലെ പൗർണമി ദിനത്തിലാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാർഥ ഹോളി ദിവസം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. രാധ-കൃഷ്ണ പ്രണയം, കാമദേവന്റെ ത്യാഗം എന്നിങ്ങനെ വിവിധ കഥകളുണ്ടെങ്കിലും പ്രഹ്ലാദന്റെ കഥയാണ് കൂടുതൽ പ്രസിദ്ധം. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായ ഹോളിഗയിൽ നിന്നാണ് ഹോളി പേര് ഉരുതിരിഞ്ഞെന്നാണ് വിശ്വാസം.
പ്രഹ്ളാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്ന് ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ട് നിറഞ്ഞു. ഭഗവാൻ വിഷ്ണുവിനെ വരെ തനിക്ക് കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്ക് ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ച് പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്ന് പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.
ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർത്ഥിച്ചു.അഗ്നിദേവൻ സമ്മാനിച്ച വസ്ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്‌ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്‌ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിന് ശക്തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.
നേപ്പാളിലാണ് ഈ ആഘോഷം ആദ്യമായി തുടങ്ങിയതെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ, വിശേഷിച്ചും ഉത്തരേന്ത്യയിൽ ഹോളി ഉത്സവം തന്നെയാണ്. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഗുജറാത്തി സമൂഹമാണ് ഹോളി അങ്ങേയറ്റം ആഘോഷിക്കുന്നത്. ഇപ്പോൾ ക്യാംപസുകളും ഹോളിയെ നെഞ്ചേറ്റുന്നു. തിന്മയ്‌ക്കെതിരായുള്ള നന്മയുടെ വിജയമായും വസന്തകാലത്തിന്റെ വരവായും ഹോളി ആഘോഷിക്കുന്നു. മാർച്ച് 25-നാണ് ഇത്തവണ ഹോളി ആഘോഷിക്കുന്നത്.