ലക്‌നൗ: ബദൗണിൽ കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ജാവേദിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ചയാണ് ബദൗണിൽ രണ്ട് കുട്ടികൾ വെട്ടേറ്റ് മരിച്ചത്. ബാബാ കോളനിയിലെ താമസക്കാരനായ വിനോദിന്റെ രണ്ട് മക്കളെയാണ് അയൽവാസികളായ സാജിദും, സഹോദരൻ ജാവേദും ചേർന്ന് കൊലപ്പെടുത്തിയത്. പരിക്കേറ്റ മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിലാണ്. സാജിദ് കഴിഞ്ഞ ദിവസം വൈകിട്ട് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജാവേദ് ഒളിവിൽ പോയത്.
കടയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ബാബ കോളനിയിൽ സാജിദ് ബാർബർഷോപ്പ് നടത്തുന്നുണ്ട്. അയൽവാസിയായ വിനോദിന് സലൂണും ഭാര്യയ്‌ക്ക് ബ്യൂട്ടി പാർലറുമുണ്ട്. ഷോപ്പിന്റെ പേരിലുള്ള തർക്കങ്ങളാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു . വിനോദിന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന സാജിദ് ഒന്നാം നിലയിലുണ്ടായിരുന്ന കുട്ടികളെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് താഴെ ബ്യൂട്ടിപാർലറിലുണ്ടായിരുന്ന മാതാവ് മുകളിലേക്ക് വരുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.















